ഇന്നസെന്റ് ദൈവത്തെ നോക്കി കൊഞ്ഞണം കാട്ടി

 

തിരുവനന്തപുരം:ക്രിസ്ത്യാനിയായ പരിചയക്കാരന്‍ മരിച്ചപ്പോള്‍ കാന്‍സര്‍ ബാധിതരായ ഇന്നസെന്റും ഭാര്യ ആലീസും അവിടെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ചന്‍ പ്രാര്‍ത്ഥന തുടങ്ങി. ‘ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി.  നല്ലവണ്ണം യുദ്ധം ചെയ്തു. കര്‍ത്താവ് പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു’

പ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള യാത്രയില്‍ ഇന്നസെന്റ് ഒന്നും മിണ്ടാതെ പുറത്തേക്കുനോക്കി ഇരുന്നു. പരേതന്റെ മുന്നില്‍ വച്ച് പുരോഹിതന്‍ ചെയ്ത പ്രാര്‍ത്ഥനയില്‍ എനിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്നാണ് കണ്‍മുന്നിലേക്ക് സെബസ്ത്യാനോസ് പുണ്യാളന്റെ കപ്പേള കടന്നുവന്നത്. ഇന്നസെന്റ് ആ കപ്പേളയിലേക്ക് നോക്കി നന്നായി ഒന്ന് കൊഞ്ഞനം കാണിച്ചു.

ആലീസിന് ഒന്നും മനസ്സിലായില്ല. അവര്‍  ചോദിച്ചു: ‘ എന്തായീ കാണിക്കുന്നത്?’ ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു. ഇന്നസെന്റ് ആലീസിനോട് പറഞ്ഞു: ‘നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാര്‍ത്ഥന? ദൈവത്തിന് ഏറേ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്.  പൊന്നാലീസേ അല്ലെങ്കില്‍ തന്നെ എനിക്ക് കാന്‍സറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും കൂടെ ചെയ്താല്‍ എന്താവും അവസ്ഥ? നമ്മളോട് ദൈവത്തിന് കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.’

അത് കേട്ട് ആലീസ് ഇന്നസെന്റിന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോള്‍, ഇന്നസെന്റിനെ  അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനെ നോക്കി ആലീസും കൊഞ്ഞനംകുത്തുന്നു. അത് കണ്ടപ്പോള്‍ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയില്‍ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യന്‍ മരണത്തെ പേടിക്കുന്നു.  ഭൂമിയിലെ ജീവിതത്തെ സ്‌നേഹിക്കുന്നു.’