പോര് കടുക്കുന്നു: 30 മുതല്‍ തിയേറ്ററുകളില്‍ സിനിമകളില്ല

കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരും ഒരുമിച്ച് തിയേറ്റര്‍ ഉടമകള്‍ക്കെതിരെ നടത്തുന്ന സമരം കടുക്കുന്നു. ഈമാസം 30 മുതല്‍ നിലവില്‍ തിയേറ്ററുകളില്‍ കളിക്കുന്ന അന്യഭാഷാ ചിത്രങ്ങളുള്‍പ്പെടെ പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു.

ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആറ് സിനിമകള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് റിലീസ് ചെയ്യുമ്പോള്‍ ഫ്രീ റണ്‍ നല്‍കാനും തീരുമാനിച്ചതായി നിര്‍മാതാവ് സിയാദ് കോക്കര്‍ അറിയിച്ചു. ഈ ആറ് സിനിമകള്‍ റിലീസ് ചെയ്ത ശേഷമുള്ള നാല് ആഴ്ച മറ്റ് സിനിമകളുടെ റിലീസ് ഉണ്ടാകില്ല, അതാണ് ഫ്രീ റണ്‍. അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെയോ, മറ്റ് സിനിമാ സംഘടനകളുടെയോ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല.

ക്രിസ്മസിന് ചില വിതരണക്കാര്‍ അന്യഭാഷാ സിനിമകള്‍ തിയേറ്ററുകളിലെത്തിച്ചിട്ടുണ്ട്. 30ന് ശേഷം ഇവര്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുകയോ, ഇപ്പോഴുള്ളത് തുടര്‍ന്നും പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ അവരുമായി സഹകരിക്കാതിരിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതേസമയം മലയാളം റിലീസുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് റിലീസായ ഹിന്ദി ചിത്രം ദങ്കല്‍ ഉള്‍പ്പെടെ വലിയ കളക്ഷനാണ് നേടുന്നത്. അതേസമയം നല്ല ക്‌ളക്ഷനില്‍ മുന്നേറുന്ന പുലിമുരുകനെയും കട്ടപ്പനയിലെ ഋത്വിക് റോഷനെയും ഈ തീരുമാനം ബാധിക്കും.