മമ്മൂട്ടി 32 ദിവസം കാട്ടില്‍

ചെന്നൈ: മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരകേന്ദ്രീകൃത സിനിമകളിലോ അല്ലെങ്കില്‍ നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഫിലുമുകളില്‍ അഭിനയിക്കുകയോ ചെയ്യുകയാണ് ഇപ്പോള്‍. പണ്ടെത്തെപ്പോലെ കുഗ്രാമങ്ങളിലോ, കാട്ടിലോ ഒന്നും അദ്ദേഹം ഷൂട്ടിംഗിനായി മെനക്കെടാറില്ല. അമേരിക്കയില്‍ പോയപ്പോള്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെയും ചിത്രീകരണത്തിന് പോകാറില്ല. എന്നാല്‍ നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ ഏത് കാടും മേടും താണ്ടാന്‍ താരം തയ്യാറാണ്. അടുത്തിടെ റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടയ്ക്കനാലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വനാന്തരഗ്രാമത്തിലായിരുന്നു.

അവിടെ ചെന്ന ആദ്യ ദിവസം തന്നെ മമ്മൂട്ടി മുഷിഞ്ഞു. കാരണം ഫോണിന് റേഞ്ചില്ല, ടി.വിയില്ല, ഇന്റര്‍നെറ്റില്ല. എപ്പോഴും ഇന്റര്‍നെറ്റില്‍ പുതിയ കാര്യങ്ങള്‍ അന്വേഷിക്കുകയും ടി.വി ചാനലുകള്‍ വീക്ഷിക്കുകയും ചെയ്യുന്നയാളാണ് മമ്മൂട്ടി. സാധാരണ പല സംവിധായകരും മമ്മൂട്ടിയുടെ മൂഡിനനുസരിച്ച്, നിര്‍ബന്ധങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ റാം ഇതിനൊന്നും വഴങ്ങാതെ തന്റെ കാര്യങ്ങള്‍ സാധിച്ചെടുത്തെന്ന് മമ്മൂട്ടി തന്നെ പറഞ്ഞു. റാമിന്റെ കട്രത് തമിഴ്, തങ്കമീന്‍കള്‍ എന്നീ സിനിമകള്‍ മമ്മൂട്ടിക്ക് ഇഷ്ടമായിരുന്നു. പേരന്‍പിന്റെ കഥ കേട്ടപ്പോഴെ തനിക്ക് ഇഷ്ടമായതായി മമ്മൂട്ടി പറഞ്ഞു.

സ്‌നേഹം മുതല്‍ക്കൂട്ടാക്കിയ ഒരു മനുഷ്യന്റെ കഥയാണ് പേരന്‍പ്. തന്നോടും തന്റെ അടുപ്പക്കാരോടും മാത്രമല്ല, ലോകത്തോട് തന്നെ സ്‌നേഹം വച്ച് പുലര്‍ത്തുന്ന മനുഷ്യനായി നായകന്‍ മാറുകയാണ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തനിക്ക് പരിമിധിയുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും പേരന്‍പിനുണ്ട്.