വിജയ്ബാബു- സാന്ദ്രാ തോമസ് പ്രശ്‌നം പരിഹരിച്ചത് അജുവര്‍ഗീസ്

തിരുവനന്തപുരം: അടിച്ച് പിരിഞ്ഞ നിര്‍മാതാക്കളും സുഹൃത്തുക്കളുമായ വിജയ്ബാബുവിനെയും സാന്ദ്രാതോമസിനെയും ഒന്നിപ്പിച്ചത് നടന്‍ അജുവര്‍ഗീസ്. ഇരുവരുടെയും ബാനറായ ഫ്രൈഡേ ഫിലിംസ് നിര്‍മിച്ച സിനിമകളിലധികവും അജൂവര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അജു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ക്ക് ശേഷം സാന്ദ്ര സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സ തേടിയിരുന്നു. വിജയ്ബാബു കൊച്ചിയിലുണ്ടായിരുന്നു. ഇരുവരും അന്ന് ഓഫ് ചെയ്ത മൊബൈല്‍ ഇതുവരെ ഓണാക്കിയിട്ടില്ല. ഇതേ തുടര്‍ന്ന് അജുവര്‍ഗീസ് രണ്ട് പേരെയും നേരില്‍ കണ്ട് സമവായ ശ്രമങ്ങള്‍ നടത്തി. അതിന് ശേഷം ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.

ചെറിയ ഇഗോ ക്ലാഷ് തങ്ങളുടെ ചില സുഹൃത്തുക്കള്‍ ഊതിപ്പെരുപ്പിച്ച് വഷളാക്കുകയായിരുന്നെന്ന് സാന്ദ്ര ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.ഞങ്ങളുടെ സൗഹൃദം ഇനിയും തുടരുമെന്നും ഇപ്പോള്‍ നടക്കുന്ന അങ്കമാലി ഡയറീസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മാണത്തിന് തടസമില്ലെന്നും വ്യക്തമാക്കി.

അങ്കമാലി ഡയറിയുടെ നിര്‍മാണം നിന്നതിനെ തുടര്‍ന്ന് ലിജോജോസ് പല്ലിശേരിയും ചെമ്പന്‍ വിനോദും വലിയ പ്രതിസന്ധിയിലായിരുന്നു.  സാന്ദ്രയുടെ പോസ്റ്റിന് പിന്നാലെ വിജയ്ബാബുവിന്റെ പോസ്റ്റും എത്തി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. സാന്ദ്ര എക്കാലവും തന്റെ സുഹൃത്തും പാട്ണറും ആയിരിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി.