മീനേടെ രസതന്ത്രം

-ക്രിസ്റ്റഫര്‍ പെരേര-

മീനയും മോഹന്‍ലാലും ആറ് സിനിമകളിലാണ് ജോഡികളായത്. അതില്‍ അഞ്ചും സൂപ്പര്‍ഹിറ്റാണ്. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇവയാണ് സൂപ്പര്‍ഹിറ്റ്. ഒളിമ്പ്യന്‍ അന്തോണി ആദം പരാജയമായിരുന്നു. പക്ഷെ, ഓരോ സിനിമകള്‍ക്കും ഇടയില്‍ കുറേ ഇടവേള വന്നിരുന്നു. അതുകൊണ്ട് ഈ ജോഡികളെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ദൃശ്യവും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും സൂപ്പര്‍ഹിറ്റായതോടെയാണ് മാധ്യമങ്ങളടക്കം ഇക്കാര്യം ചര്‍ച്ച ചെയ്തത്. നുണക്കുഴികളും ചിരിക്കുന്ന കണ്ണുകളുമാണ് മീനയുടെ ആകര്‍ഷണമെങ്കിലും അഭിനയത്തിലെ മസ്മരികതയാണ് വിവാഹശേഷവും താരമാക്കുന്നത്.

എന്നും കാണുന്ന മനുഷ്യര്‍

meena-in-munthirivallikal-thalirkkumbol-movie-25317-1മോഹന്‍ലാലുമൊത്ത് അഭിനയിക്കുമ്പോഴുള്ള രസതന്ത്രം എന്താണെന്ന് ചോദിച്ചപ്പോള്‍ കഥാപാത്രങ്ങളോട് നീതിപുലര്‍ത്താന്‍ രണ്ട് പേരും പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞു. അത് നടത്തത്തിലായാലും നോട്ടത്തിലായാലും. പിന്നെ നമ്മള്‍ നിത്യേന കാണുന്ന ആളുകളെയാണ് മോഹന്‍ലാലുമൊത്ത് അഭിനയിച്ച സിനിമകളിലെല്ലാം ചെയ്തത്. കഥപാത്രങ്ങളെ മനോഹരമാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് തിരക്കഥ തന്നെയാണ്. മുന്തിരിവള്ളികളിലെ ആനിയമ്മ സാധാരണ വീട്ടമ്മയാണ്. വീട്ടുകാര്യവും മക്കളെയും നോക്കി, സീരിയലും കണ്ടവര്‍ ജീവിതം കഴിച്ച് കൂട്ടുന്നു. അതേസമയം ജോലിയുള്ള സ്ത്രീകള്‍ ഇവരേക്കാള്‍ വ്യത്യസ്തമായിരിക്കും. ഉദയനാണ് താരത്തിലെ കഥാപാത്രം താനുള്‍പ്പെടെ പല നടിമാരുടെയും അനുഭവങ്ങളാണ്. ദൃശ്യത്തിലേത് സൈബര്‍ കുരുക്കുകള്‍ അറിയാത്ത വീട്ടമ്മയാണ്.

തുടക്കം സുരേഷ് ഗോപിയുടെ മകളായി

സ്വാന്തനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സ്വാന്തനത്തിലെ ഉണ്ണി വാവാവോ… എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വെ ഷണ്‍മുഖിയില്‍ അഭിനയിച്ചു. വിവാഹ ശേഷം അമ്മ വേഷങ്ങള്‍ മന:പൂര്‍വം തെരഞ്ഞെടുക്കുന്നതല്ല, കിട്ടിയ നല്ല കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. വിവാഹ ശേഷം അഭിനയിക്കണമെങ്കില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കണം. അങ്ങനെ മാറി നിന്ന് ചെയ്യുന്ന സിനിമകള്‍ എന്തെങ്കിലും തരത്തില്‍ വ്യത്യസ്തമായിരിക്കണം. അങ്ങനെയുള്ളത് മാത്രമേ സ്വീകരിക്കൂ. മറ്റ് ഭാഷകളില്‍ സിനിമകള്‍ ചെയ്യാത്തതെന്തെന്ന് പലരും ചോദിക്കാറുണ്ട്. അവിടെയൊക്കെ നല്ല വേഷം കിട്ടാറില്ല, പിന്നെ മലയാളം എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്നും മീന പറയുന്നു.

പുതിയ പ്രോജക്ട്‌സ് ഇല്ല

മുന്തിരിവള്ളികള്‍ കേരളത്തിലെ തിയേറ്ററുകളില്‍ പൂത്തുലയുമ്പോഴും പുതിയ പ്രോജക്ടുകളൊന്നും മീന കരാര്‍ ചെയ്തിട്ടില്ല. മകള്‍ നൈനികയ്ക്കും ഭര്‍ത്താവിനുമൊപ്പം കഴിയുകയാണ്. അതേസമയം സീനിയര്‍- ജൂനിയര്‍ എന്ന തമിഴ് റിയാലിറ്റി ഷോയില്‍ ജഡ്ജായി പോകുന്നുണ്ട്. ഒരാളൊരു കഥപറയുമ്പോള്‍ , അല്ലെങ്കില്‍ നമ്മുടെ കഥാപാത്രത്തെ കുറിച്ച് കേള്‍ക്കുമ്പോളറിയാം ആ സിനിമ എങ്ങനെ വരുമെന്ന് അങ്ങനെയാണ് താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും മീന പറഞ്ഞു.