കൊച്ചി റിഫൈനറിയെ പരിസ്ഥിതിസൗഹൃദമാക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

കൊച്ചി: ജൈവമാലിന്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കൊച്ചി റിഫൈനറിയെ ഹരിത റിഫൈനറി ആക്കി മാറ്റാനാണു തീരുമാനമെന്നു കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബി പി സി എല്‍ കൊച്ചി റിഫൈനറിയുടെ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ എല്ലാ മേഖലകളും വളരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആറു മുതല്‍ എട്ടു ശതമാനം വരെ ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയുണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 11 ശതമാനമായി ഉയര്‍ന്നു.

റിഫൈനറികളെല്ലാം പരിസ്ഥിതി സൗഹൃദമാക്കണം. മാലിന്യത്തില്‍ നിന്നു പോലും ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവുമുണ്ടാകും. ബി പി സി എല്‍ കൊച്ചിയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഊര്‍ജ്ജരംഗത്തിനു ഗുണകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊച്ചിയിലെ പെട്രോനെറ്റ് എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നു മംഗലാപുരത്തേക്കുള്ള പൈപ്പിടല്‍ ജോലികള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു വേഗത്തില്‍ പൂര്‍ത്തിയാക്കും. വാഹനഗതാഗതത്തിനായി സി എന്‍ ജി ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

ബി പി സി എല്‍ കമ്പനി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിനെ (എച്ച് ഒ സി) ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എച്ച് ഒ സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.