ഡെന്നീസ് ലില്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ആര്‍ അശ്വിന്‍

ഹൈദരാബാദ്: ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനു ലോക റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറായി അശ്വിന്‍ മാറി.  വെറും 45 മത്സരങ്ങളില്‍ നിന്നാണു അശ്വിന്‍ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. സെഞ്ച്വറി നേടിയ ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖര്‍ റഹീമിനെ പുറത്താക്കിയാണു അശ്വിന്‍  റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ആസ്ത്രേലിയന്‍ ബൗളിങ് ഇതിഹാസം ഡെന്നീസ് ലില്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്.
48 മത്സരങ്ങളില്‍ നിന്നാണ് ഡെന്നീസ് ലില്ലി 250 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 1981 ഫെബ്രുവരി ഏഴിനു ഇന്ത്യക്കെതിരേയായിരുന്നു ലില്ലിയുടെ ചരിത്ര നേട്ടം. 36 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഫെബ്രുവരി ഒരു ഇന്ത്യന്‍ താരം തന്നെ ആ റെക്കോര്‍ഡ് തിരുത്തി.
വേഗത്തില്‍ 250 വിക്കറ്റ് തികച്ച ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിനും ഡെന്നീസ് ലില്ലിക്കും പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിനാണു. 49 ടെസ്റ്റുകളില്‍ നിന്നാണു സ്റ്റെയിന്‍ 250 വിക്കറ്റുകള്‍ കൊയ്തത്. 45 ടെസ്റ്റുകളില്‍ നിന്നു 250 വിക്കറ്റുകള്‍ വീഴ്ത്തിയ ഏക സ്പിന്നറാണു അശ്വിന്‍. നേരത്തെ 45 ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ മുത്തയ്യ മുരളീധരന്‍ നേടിയ 218 വിക്കറ്റുകളായിരുന്നു ഇതുവരെ മുന്നില്‍.
ആദ്യ 45 ടെസ്റ്റുകളില്‍ തന്നെ 200നു മുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ അശ്വിനു മുന്‍പ് ഒരു ഇന്ത്യന്‍ താരത്തിനും സാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഹര്‍ഭജന്‍ സിങ് 199 വിക്കറ്റുകളുമായി പിന്നില്‍. കുറഞ്ഞ കളിയില്‍ നിന്നു 250 വിക്കറ്റുകള്‍ തികച്ച അനില്‍ കുംബ്ലെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇതുവരെ മുന്നില്‍. 55 മത്സരങ്ങളില്‍ നിന്നാണു കുംബ്ലെയുടെ നേട്ടം. പത്തു മത്സരങ്ങള്‍ കുറച്ച് ഈ നേട്ടവും അശ്വിന്‍ പിന്നിലാക്കി.
സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന അശ്വിന്‍ കഴിഞ്ഞ എട്ടു  ടെസ്റ്റുകളില്‍ നിന്നു 55 വിക്കറ്റുകളാണു പിഴുതത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 28 വിക്കറ്റും ന്യൂസിലാന്‍ഡിനെതിരേ 27 വിക്കറ്റും താരം വീഴ്ത്തിയിരുന്നു. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ 17 വിക്കറ്റുകള്‍ വീഴ്ത്താനും ഇന്ത്യന്‍ താരത്തിനു സാധിച്ചിരുന്നു