കേരളസഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി, സി. മേരി ക്രിസോസ്തം അന്തരിച്ചു

ജോമോൻ മണിമല

പൊൻകുന്നം : കേരളസഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി, സി. മേരി ക്രിസോസ്തം SABS (105)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച പൊന്‍കുന്നം ആരാധനാ മഠത്തില്‍ നടത്തി.

നെല്ലയ്ക്കല്‍ ചെറിയത് തൊമ്മന്റെയും അന്നമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമത്തെയാളായി, 1913 ഫെബ്രുവരി ഒന്നാം തിയതിയാണ് സി. മേരി ക്രിസോസ്തം ജനിച്ചത്. അക്കാലത്ത് ഏഴാംക്ലാസ് വരെ വിദ്യാഭ്യാസം കരസ്ഥമാക്കിയ മേരി, ഇരുപത് വയസായപ്പോഴാണ് ആരാധനാമഠത്തില്‍ അംഗമായി ചേരുന്നത്.

ആദ്യമായി ചെന്നെത്തിയത് കാഞ്ഞിരമറ്റത്തെ മഠത്തിലായിരുന്നു. തുടര്‍ന്ന് വാഴപ്പള്ളിയില്‍ എത്തുകയും, അവിടെനിന്ന് സഭാവസ്ത്രം സ്വീകരിക്കുകയും വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. അക്കാലത്ത് ചങ്ങനാശ്ശേരി രൂപതയുടെ കീഴിലായിരുന്ന ഇന്നത്തെ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ രൂപതകളിലെ വിവിധ സന്യാസഭവനങ്ങളില്‍ സിസ്റ്റർ മേരി ക്രിസോസ്തം സേവനം ചെയ്തു. ഏറെക്കാലം നല്ലതണ്ണിയില്‍ ആയിരുന്നപ്പോള്‍ അക്കാലത്ത് അവിടെ വികാരിയായിരുന്ന ഇന്നത്തെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാത്യു അറയ്ക്കല്‍ പിതാവുമായി അന്നുണ്ടായിരുന്ന ഊഷ്മളമായ അടുപ്പം അവസാനകാലം വരെയും കാത്തുസൂക്ഷിക്കപ്പെട്ടിരുന്നു. എക്കാലവും അനേകഹൃദയങ്ങളില്‍ സ്‌നേഹസ്പര്‍ശമായി മാറിയിട്ടുള്ള സിസ്റ്ററിനെ കാണുവാനും വിശേഷങ്ങള്‍ പങ്കിടുവാനും എത്തിയിരുന്നവരില്‍ വൈദികരും ഏറെയുണ്ട്.

പൊന്‍കുന്നം ആരാധനാമഠത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന സി. മേരി ക്രിസോസ്തം ഏതാനും ആഴ്ചകളായി ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടിരുന്നു. ജൂണ്‍ 8 രാവിലെ 6.40ന് ആയിരുന്നു അന്ത്യം.