സൂക്ഷിക്കുക! പണം ആവശ്യപ്പെട്ട് സൈബർ ആക്രമണം

ലോകത്തെ 74ലധികം രാജ്യങ്ങളിൽ പണം ആവശ്യപ്പെട്ടുകൊണ്ട് സൈബർ ആക്രമണം. ബിറ്റ്‌കോയിൻ രൂപത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള റാൻസംവെയറാണിതെന്ന് സാങ്കേതിക വിദഗ്ധർ സ്ഥിരീകരിച്ചു. ലോകത്തെമ്പാടുമുള്ള നിരവധി സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലാണ് റാൻസംവെയർ സൈബർ ആക്രമണമുണ്ടായത്.

ആയിരക്കണക്കിന് ഇടങ്ങളിലുണ്ടായ റാൻസംവെയർ സൈബർ ആക്രമണത്തിൽ മോചനദ്രവമായി 300 ഡോളറാണ് ആവശ്യപ്പെടുന്നത്.ബ്രിട്ടൻ,അമേരിക്ക, ചൈന, റഷ്യ,സ്‌പെയിൻ അടക്കം 74ഓളം രാജ്യങ്ങളിലാണ് സമാനമായ സൈബർ ആക്രമണം നേരിട്ടത്.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസിനും സൈബർ ആക്രമണം നേരിട്ടു. വാണ്ണക്രൈ എന്ന പേരിലാണ് സൈബർ വിദഗ്ധർ ആക്രമണത്തെ വിളിച്ചത്. റഷ്യയിലാണ് ആക്രമണം ഏറ്റവുമധികം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വൈറസ് ബാധ റഷ്യൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സൈബർ ആക്രമണം വ്യാപകമായി മറ്റു കംപ്യൂട്ടറുകളിലേക്ക് പടരുന്നതായാണ് റിപ്പോർട്ടുകൾ.