ലിപ്പ്‌ലോക്കിനും കെട്ടിപ്പിടുത്തത്തിനും വിനീത് ശ്രീനിവാസനെ കിട്ടില്ല

 

തിരുവനന്തപുരം:നായികമാരെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തന്നെ കിട്ടില്ലെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തിരക്കഥ ആവശ്യമെങ്കില്‍ ഇത്തരം സീനുകളില്‍ മറ്റ് താരങ്ങള്‍ അഭിനിക്കുന്നതില്‍ തെറ്റില്ലെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. സിനിമ ആത്യന്തികമായി വിനോദത്തിനുള്ളതാണ്, അല്ലാതെ ബോധവല്‍ക്കരിക്കാനുള്ളതല്ല. അതിന് മറ്റ് പല മാധ്യമങ്ങളുമുണ്ട്. ജീവിതത്തില്‍ താന്‍ മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും വിനീത് വ്യക്തമാക്കി.

തിരക്കഥ എഴുതുന്ന സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. പുറംലോകവുമായി യാതൊരു ബന്ധവും കാണില്ല. അത് കാരണം തനിക്ക് പല നല്ല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിനീത് പറഞ്ഞു. ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ മാത്രമേ താന്‍ നായകനായി അഭിനയിക്കൂ. സെക്കന്റ് ക്ലാസ് യാത്ര അത്തരത്തിലുള്ള, പുതുമയുള്ള ചിത്രമായിരുന്നു. പുതുമതേടി പോകുന്നത് കൊണ്ടാണ് വാരിവലിച്ച് അഭിനയിക്കാത്തത്. കുഞ്ഞിരാമായണം പഴയ കഥയാണെങ്കിലും അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തരം സിനിമയാണെന്നും താരം പറഞ്ഞു.

നിവിന്‍ പോളി,അജുവര്‍ഗീസ്, ജൂഡ് ആന്റണി, ബേസില്‍ ജോസഫ് തുടങ്ങിയവരെ കണ്ടെത്തിയത് അവരിലെല്ലാം കഴിവുള്ളത് കൊണ്ടാണെന്നും വിനീത് പറഞ്ഞു. സിനിമയോട് അത്രയും കമ്മിറ്റഡാണ് ഇവരെല്ലാം. കാല്‍ ഓടിഞ്ഞ് കിടക്കുന്ന സമയത്താണ് മലര്‍വാടി ആട്‌സ് ക്ലബിന്റെ ഓഡിയോഷന് നിവിന്‍ വന്നത്. മറ്റാരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല.